ജീത്തു ജോസഫുമായുള്ള ബന്ധം ഒരു സംവിധായകനായ സുഹൃത്ത് തകർത്തെന്നും അതാണ് ജീത്തുവിന്റെ ചിത്രങ്ങളിൽ കാണാത്തതെന്നും നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ആരാണ് ആ ബന്ധം തകരാനുള്ള പാര വച്ചതെന്ന് പറയുന്നില്ലെന്നും അത് അയാൾക്കൊരു പരസ്യമാകണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.
ആദ്യ പടം ‘ഡിറ്റക്റ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ. വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകർത്തു!
എന്തിനതു ചെയ്തു എന്ന് ചോദിക്കാൻ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല. പേര് പറഞ്ഞ് അയാൾക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാർക്ക്. ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്നേഹമുള്ളവർക്കായി.’’ കൂട്ടിക്കൽ ജയചന്ദ്രന് പറഞ്ഞു.
നേരത്തെ ദൃശ്യം സീരീസിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചുള്ള നടന്റെ കുറിപ്പും ചർച്ചയായിരുന്നു. ‘ദൃശ്യം 3’യുടെ ഷൂട്ടിംഗ് ആരംഭിച്ച വാർത്തകൾക്ക് പിന്നാലെയായിരുന്നു നടന്റെ കുറിപ്പ്.
‘ഒരു പ്രത്യേക അറിയിപ്പ്; ‘ദൃശ്യം 3’യിൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല’ ‘ദൃശ്യം’ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ‘ദൃശ്യം’ രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ഈ കഥാപാത്രം ഉണ്ടായിരുന്നില്ല.